🕉ഗണപതി ആരാണ്?🕉


ഇന്ന്‌ ഗണേശോത്സവം നാടെങ്ങും വിപുലമായി ആഘോഷിക്കുകയാണല്ലോ. ഈ അവസരത്തിൽ അല്പം ഗണേശ ചിന്തകൾ നടത്താം. ആരാണ് ഗണപതി? ഒരാനയുടെ രൂപത്തിലുള്ള മൂർത്തിയായാണ് ഗണപതിയെ പൊതുവെ എല്ലാവരും അറിയുന്നത്. താന്ത്രിക പൂജാ പദ്ധതികളിലും പുരാണങ്ങളിലും അത്തരത്തിലുള്ള ഒരു ചിത്രമാണ് കണ്ടുവരുന്നത്. എന്നാൽ വേദങ്ങളിൽ ഗണപതി എന്നത് നിരാകാരനും സർവ്വശക്തിമാനുമായ ഈശ്വരന്റെ ഒരു പര്യായവാചിയാണ്. ഗണപതിഹോമത്തിനും മറ്റും ചൊല്ലുന്ന വിശിഷ്ടമായ ഒരു വേദമന്ത്രമുണ്ട്. അതിങ്ങനെയാണ്.

गणानां त्वा गणपतिं हवामहे, प्रियाणां त्वा प्रियपतिं हवामहे, निधीनां त्वा निधिपतिं हवामहे।
वसो: मम आहमजानि गर्भधम् त्वमजासि गर्भधम्।
(യജുർവേദം 23/19)

ഈ മന്ത്രത്തിന്റെ സാമാന്യർത്ഥം വൈദികാചര്യന്മാർ പറയുന്നതിങ്ങനെയാണ്.

ഗണങ്ങളുടെ മധ്യത്തിലിരിക്കുന്ന ഗണങ്ങളുടെ പാലകനായ അങ്ങയെ ഞങ്ങൾ സ്വീകരിക്കുന്നു. പ്രിയന്മാർക്കിടയിൽ ഇരിക്കുന്ന പ്രിയന്മാരെ സംരക്ഷിക്കുന്ന അങ്ങയെ ഞങ്ങൾ കീർത്തിക്കുന്നു. വിദ്യാദി പദാർത്ഥങ്ങളുടെ (നിധീനാം) ഇടയിലിരിക്കുന്ന വിദ്യാദികളെ സംരക്ഷിക്കുന്ന നിധിപതിയായ അങ്ങയെ ഞങ്ങൾ സ്വീകരിക്കുന്നു. സർവ്വ പ്രാണികളും അങ്ങയിൽ കുടികൊള്ളുന്നതിനാൽ അങ്ങു എന്റേതായി തീർന്നാലും. സർവ്വ ജഗത്തിനെയും സ്വന്തം ഗർഭത്തിൽ ധാരണം ചെയ്യുന്ന അങ്ങു ജന്മരഹിതനാണ്. ആ പ്രകൃതിയെ ഗർഭത്തിൽ വഹിക്കുന്ന അങ്ങയെ ഞാൻ നന്നായി അറിയുന്നു.

വേദങ്ങളിൽ വർണ്ണിക്കുന്ന ഈ ഗണപതിയാണ് നമുക്കാരാധ്യൻ. ജന്മമെടുത്തവനും പിന്നീട് തലവെട്ടി മാറ്റപ്പെട്ടവനായും മറ്റും പുരാണങ്ങൾ പ്രകീർത്തിക്കുന്നതു വേദങ്ങളിൽ വർണ്ണിക്കുന്ന ഗണങ്ങളുടെ പതിയായ ഗണപതിയല്ല. ഇന്ന് ഒറ്റകൊമ്പുള്ള ആനയുടെ തലയും എലിവാഹനനും മറ്റുമായി സങ്കൽപ്പിച്ചു കളിമൺകൊണ്ടു നിർമ്മിക്കുന്ന രൂപങ്ങൾക്കു താന്ത്രികവും വൈദികവുമായ തെറ്റായ വ്യാഖ്യാനങ്ങൾ ആണ് പ്രചരിക്കപ്പെടുന്നത്. രൂപരഹിതനായ ഈശ്വരന് രൂപം കല്പിച്ചതിന് ശങ്കരാചാര്യ സ്വാമികൾ എഴുതിയ പ്രസിദ്ധമായ ക്ഷമാപണ സ്തോത്രം ഇവിടെ സ്മരണീയമാണ്. ഈ ഗണേശോത്സവവേളയിൽ നമുക്ക്‌ സർവ്വ ചരാചരങ്ങളുടെയും പതിയായ ഗണേശനെ മനസാ സ്മരിക്കാം

Comments